തിരുവനന്തപുരം: യൂത്ത് ഒളിന്പിക്സ് ബാഡ്മിന്റണിൽ സ്വീഡനുവേണ്ടി സ്വർണം നേടിയ മലയാളി താരം അശ്വതി പിള്ള നേട്ടങ്ങളുടെ മികവ് ആഘോഷിക്കാൻ ജന്മനാട്ടിലെത്തി. അശ്വതി പിള്ള കഴിഞ്ഞ ദിവസമാണ് ജന്മനഗരമായ തിരുവനന്തപുരത്ത് എത്തിയത്. ജൂണിയർ വിഭാഗത്തിൽ മത്സരിച്ചപ്പോൾ തന്നെ ഡ്വീഡന്റെ ഒന്നാം റാങ്ക് സ്വന്തമാക്കി സ്വീഡനായി മെഡൽ സമ്മാനിച്ച അശ്വതി തയാറെടുക്കുകയാണ, സ്വീഡിഷ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിനായി.
അർജന്റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരിസിൽ നവംബറിൽ നടന്ന യൂത്ത് ഒളിന്പിക്സിൽ മിക്സഡ് ബാഡ്മിന്റണിൽ സ്വർണം നേടിയതോടെയാണ് ഈ തിരുവനന്തപുരത്തുകാരിയെ മലയാളികൾ പോലും ശ്രദ്ധിച്ചത്. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ലക്ഷ്യസെന്നിനൊപ്പം ചേർന്നാണ് കഴിഞ്ഞ നവംബറിൽ അശ്വതി സ്വർണനേട്ടം സ്വന്തമാക്കിയത്. സ്വീഡിഷ് ഓപ്പണിനു മുന്നോടിയായി ഏഷ്യൻ രാജ്യങ്ങളിൽ പരിശീലനം നേടുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ജന്മനാട്ടിലും എത്തിയത്. ടൂണ്‍സ് അക്കാദമയിൽ പരിശീലനത്തിനെത്തിയ അശ്വതി തന്റെ മത്സരങ്ങളെക്കുറിച്ചും ബാഡ്മിന്റണിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും ദീപികയോട് മനസുതുറന്നു.
കുഞ്ഞായതിനാൽ വീട്ടിൽ ഒറ്റയ്ക്ക് ഇരുത്തിയിട്ട് പോകാൻ കഴിയാത്തതിനാൽ പിതാവ് വിനോദ് കുഞ്ഞ് അശ്വതിയെയും കോർട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു. കോർട്ടിനു പുറത്തിരുന്നു മത്സരങ്ങൾ കാണുന്നതിൽ തുടങ്ങി പതിയെ പിതാവിനോടൊപ്പം കോർട്ടിലിറങ്ങി.
ഏറെ ചെറുപ്പത്തിൽ തന്നെ സ്വീഡിഷ് ടീമിൽ ഇടം നേടിയ അശ്വതി കൂടുതലായും ഏഷ്യൻ താരങ്ങളുടെ മത്സരങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഇന്തോനേഷ്യൻ താരങ്ങളുടെയും ഇന്ത്യൻ താരങ്ങളായ സൈനയുടെയും സിന്ധുവിന്റെയും മത്സരങ്ങളുടെ വീഡിയോകൾ കാണാറുമുണ്ട്. ഇന്ത്യൻ വനിതകളിൽ പി.വി. സിന്ധുവിന്റെ മത്സരങ്ങൾ ഏറെ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്.
വർഷങ്ങൾക്കു മുന്‍പേ തിരുവനന്തപുരത്തുനിന്നു സ്വീഡനിലേക്ക് കുടിയേറിയതാണ് വിനോദ്. സ്റ്റോക്ഹോമിലെ ടാബി എന്ന സ്ഥലത്താണ് താമസം. ഐടി കന്പനിയിലെ ജോലിയുടെ ഭാഗമായാണ് പതിറ്റാണ്ടിനു മുന്നേ സ്വീഡനിലേക്ക് പോയത്. അമ്മ ഗായത്രിയും സഹോദരൻ ദീപക്കും തനിക്ക് പൂർണ പിന്തുണ തരുന്നതായി അശ്വതി പറഞ്ഞു.
നിലവിൽ സീനിയർ വിഭാഗത്തിലെ സ്വീഡിഷ് ചാന്പ്യനാണ്. അണ്ടർ 13, 15, 17 വിഭാഗങ്ങളിൽ ഡ്വീഡിഷ് ചാന്പ്യനായിരുന്നു. രണ്ടു മാസം മുന്‍പ് ഇന്തോനേഷ്യയിൽ നടന്ന ജൂണിയർ ലോക ചാന്പ്യൻഷിപ്പിൽ സ്വീഡനെ പ്രതിനിധീകരിച്ചതും ഈ തിരുവനന്തപുരംകാരിയാണ്. അടുത്ത വർഷം നടക്കുന്ന യൂറോപ്യൻ ഗെയിംസിനായി യോഗ്യത നേടാനുള്ള തയാറെടുപ്പിലാണ് അശ്വതി. 2012-13ൽ സ്വീഡനിലെ മികച്ച ബാഡ്മിന്റണ്‍ താരത്തിനുളള ബഹുമതിയും സ്വന്തമാക്കിയിരുന്നു. രണ്ടു ദിവസം കൂടി കേരളത്തിൽ തങ്ങിയശേഷം ബാംഗളൂരുവിലേക്ക് മടങ്ങും. അവിടെനിന്നു സ്വീഡനിലേക്കും, ലക്ഷ്യം സ്വീഡിഷ് ഓപ്പണ്‍ ചാന്പ്യൻഷിപ്പും.
Credits to: deepika.com
Original Source Link:
https://www.deepika.com/News_Cat2_sub.aspx?catcode=cat6&newscode=499140&fbclid=IwAR3oGk82JyGaRKMwRfXD3HaJuYFxXdvJC_wS8jq4YCSMZhhGbb3muUfxG0M