യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റൺ മിക്സഡ് ടീമിനത്തിൽ ഇന്ത്യൻതാരം ലക്ഷ്യ സെന്നിനും സ്വീഡനെ പ്രതിനിധീകരിക്കുന്ന മലയാളിതാരം അശ്വതി പിള്ളയ്ക്കും സ്വർണം. ഇരുവരും കളിച്ച ടീമാണ് വിജയികളായത്. സ്വർണം ലഭിച്ചെങ്കിലും രാജ്യത്തിന്റെ മെഡൽ പട്ടികയിൽ ഉൾപ്പെടുത്തില്ല. ഒളിമ്പിക് കമ്മിറ്റിക്ക് കീഴിലാണ് ടീം. അതേസമയം പുരുഷ സിംഗിൾസിൽ ലക്ഷ്യസെൻ വെള്ളി നേടി.
പുരുഷ സിംഗിൾസ് ഫൈനലിൽ സെൻ ചൈനയുടെ ലി ഷിഫെങ്ങിനോട് കീഴടങ്ങി (15-21, 21-19). 2010 ഗെയിംസിൽ മലയാളിതാരം എച്ച്.എസ്. പ്രണോയ് വെള്ളിമെഡൽ നേടിയിരുന്നു. മൂന്ന് സ്വർണവും നാല് വെള്ളിയുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യ.
മിക്സഡ് ടീമിനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള എട്ട് താരങ്ങൾ വീതമാണ് ഒരോ ടീമിലും കളിച്ചത്. ലക്ഷ്യ സെൻ സിംഗിൾസിലും അശ്വതി ഡബിൾസ് ഇനങ്ങളിലുമാണ് കളിച്ചത്. ലക്ഷ്യ സെന്നിനൊപ്പം മിക്സഡ് ഡബിൾസിലും അമേരിക്കക്കാരി ജെന്നി ഗായ്ക്കൊപ്പം വനിത ഡബിൾസിലും കളിച്ചു. നേരത്തേ വനിതാ സംഗിൾസിലും സ്വീഡനെ പ്രതിനിധീകരിച്ചു.
തിരുവനന്തപുരത്തിനടുത്ത് തക്കല ഇരണിയൽകോണം മാനസയിൽ വിനോദ് പിള്ളയുടെയും ഗായത്രിയുടെയും മകളാണ് അശ്വതി. ഐ.ടി. മേഖലയിൽ ജോലിചെയ്യുന്ന വിനോദ് 2009-ൽ സ്വീഡനിലേക്ക് ചേക്കേറി. സ്വീഡൻ പൗരത്വമുള്ള അശ്വതി രാജ്യത്തെ ഒന്നാംനമ്പർ താരമാണ്.
മിക്സഡ് ടീം മത്സരം
സാധാരണ ഒരേ രാജ്യത്തെ പുരുഷ-വനിത താരങ്ങൾ ഒരുമിച്ചു കളിക്കുന്നതാണ് മിക്സഡ് ഇനം. എന്നാൽ യൂത്ത് ഒളിമ്പിക്സിൽ ഒാരോ ഇനത്തിലും വിവിധ രാജ്യങ്ങളിൽനിന്നുള്ള നിശ്ചിത കളിക്കാരെ ഉൾപ്പെടുത്തിയാണ് മിക്സഡ് മത്സരങ്ങൾ നടത്തുന്നത്. അതിർത്തികളില്ലാത്ത സൗഹൃദം വളർത്തിയെടുക്കുന്നതിനാണ് ഇത്തരത്തിൽ മത്സരം നടത്തുന്നത്.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കീഴിലാണ് ടീമുകൾ മത്സരിക്കുന്നത്. മെഡലുകൾ രാജ്യത്തിന്റെ പട്ടികയിൽ വരില്ല. മെഡൽദാനച്ചടങ്ങിൽ ഒളിമ്പിക് ഗാനമാണ് ആലപിക്കുന്നത്.
ലക്ഷ്യസെന്നിന്റെ സ്വർണത്തിന് പുറമെ മിക്സഡ് ഷൂട്ടിങ്ങിൽ മനു ഭേക്കറും ജൂഡോയിൽ ടബാബി ദേബിയും നേടിയ വെള്ളിമെഡലുകൾ ഇന്ത്യയുടെ മെഡൽപട്ടികയിൽ വരില്ല.
Credits to: Mathrubhumi.com
Original Source Link:
https://www.mathrubhumi.com/print-edition/sports/youth-olympics-mixed-badminton-lakshya-and-aswathi-bagged-gold-1.3221571?fbclid=IwAR0vw_no0JgMHWinjrl9_mb_focMqJhuGML0wGZg5iFednRJqk1XRNeQjlY